'ഓപ്പറേഷൻ അജയ്'; ആദ്യ വിമാനം ഇന്ന് രാത്രി 11.30ന്; എല്ലാവരേയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി

  • 11/10/2023

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30ന് ടെല്‍ അവീവില്‍ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. ചാര്‍ട്ടേഡ് വിമാനങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താല്‍പര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. 

പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാൻ കൂടുതല്‍ ഹെല്‍പ് ലൈൻ നമ്ബറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News