ഫഹാഹീലിലെ ഇന്ത്യൻ പ്രവാസിയുടെ മരണം ആത്മഹത്യ? നിർണായക വീഡിയോ പുറത്ത്

  • 12/10/2023



കുവൈത്ത് സിറ്റി: ഫഹാഹീൽ എക്‌സ്പ്രസ് റോഡിൽ ഒരു ഇന്ത്യൻ പ്രവാസി മരിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ സാധ്യത കണ്ടെത്തി അധികൃതർ. ശനിയാഴ്ച പുലർച്ചെയാണ് സംഭവം . ഒരു പോർച്ചുഗീസ് പൗരന്റെ വാഹനമിടിച്ച് ദാരുണമായി മരിക്കുന്നതിന് മുമ്പ് പ്രവാസി ട്രാഫിക് അപകടത്തിൽ പെട്ടതായി കണ്ടെത്തി. 1989 ൽ ജനിച്ച ഇന്ത്യൻ പൗരനാണ് മരണപ്പെട്ടത്. ഫഹാഹീൽ എക്‌സ്‌പ്രസ് റോഡിൽ കുവൈത്ത് സിറ്റിയിലേക്ക് പോകുകയായിരുന്ന ജാപ്പനീസ് സെഡാനുമായി ആദ്യം അപകടം ഉണ്ടായി. 

കൂട്ടിയിടിയെത്തുടർന്ന്, ഇന്ത്യൻ പ്രവാസി സിമന്റ് ബാരിയർ കടന്ന് നുവൈസീബിലേക്കുള്ള ഫഹാഹീൽ റോഡിലേക്ക് നീങ്ങി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ ഓടുന്ന റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഒഴിവാക്കാൻ നിരവധി വാഹനങ്ങൾ ശ്രമിച്ചിട്ടും ഒടുവിൽ പോർച്ചുഗീസ് പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. മറ്റൊരു പ്രവാസിയും യുവാവിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് എത്തി മൃതദേഹം മാറ്റുമ്പോഴാണ് ഒരു കുവൈത്തി പൗരൻ സംഭവിച്ച കാര്യങ്ങളുടെ വീഡിയോ ഹാജരാക്കിയത്. ഈ വീഡയോയിൽ അതിവേഗം പായുന്ന വാഹനങ്ങൾക്ക് മുന്നിലൂടെ യുവാവ് ഓടുന്നത് വ്യക്തമാണ്. മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്ന പ്രവാസിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണപ്പെട്ടയാളുടെ അസാധാരണമായ പെരുമാറ്റത്തിൽ ഞെട്ടൽ ഉണ്ടായെന്നാണ് മൊഴി. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കൂടുതൽ അന്വേഷണത്തിനായി അബു ഫ്തൈറ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ട്.

Related News