കേന്ദ്രവുമായി ബന്ധപ്പെട്ട ഫീല്‍ഡ് ഓഡിറ്റുകള്‍ നിര്‍ത്തിവെക്കാൻ സിഎജി നിര്‍ദേശം

  • 15/10/2023

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവൻ ഫീല്‍ഡ്‌തല ഓഡിറ്റും നിര്‍ത്തിവയ്‌ക്കാൻ സിഎജി നിര്‍ദേശം. 2023-24 വര്‍ഷത്തെ ഓഡിറ്റ് പദ്ധതി വ്യക്തമാക്കിക്കൊണ്ട് മഹാരാഷ്ട്ര പ്രിൻസിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയ കത്തിന്റെ പകര്‍പ്പിലാണ് ഇക്കാര്യമുള്ളത്. സിഎജിയില്‍ നിന്നുള്ള ഇ മെയിലിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റ് ജോലികള്‍ നിര്‍ത്തിവയ്ക്കാനാണ് കത്തില്‍ ആവശ്യപ്പെടുന്നത്.


കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരിക്കാം ഇത്തരത്തിലൊരു തീരുമാനമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി ദ്വാരക എക്സ്‌പ്രസ് ഹൈവേ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളിലെ അഴിമതി സിഎജി റിപ്പോര്‍ട്ടുകളിലൂടെ പുറത്തു വന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ഏറ്റെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. തുടര്‍ന്ന് സിഎജിയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഫീല്‍ഡ്തല ഓഡിറ്റിങ് നിര്‍ത്താനുള്ള നി‍ര്‍ദേശം.

ഓഡിറ്റിങ് പൂര്‍ത്തിയായ റിപ്പോര്‍ട്ടുകളില്‍ സിഎജി ഒപ്പിടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.യുപിഎ സര്‍ക്കാരിന്റെ കാലത്തു 2ജി അഴിമതി, കല്‍ക്കരി പാടം വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

Related News