അവിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 5000, ഗാര്‍ഹിക സിലിണ്ടറിന് 400; പ്രകടനപത്രിക പുറത്തിറക്കി ബി ആർ എസ്

  • 15/10/2023

ഹെെദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി ബി.ആര്‍.എസ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക അവതരിപ്പിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നല്‍കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. 


തെലങ്കാന അന്നപൂര്‍ണ പദ്ധതിക്ക് കീഴിലുള്ള എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ സൂപ്പര്‍ഫൈൻ അരി വിതരണം ചെയ്യും. സൗഭാഗ്യ ലക്ഷ്മി പദ്ധതിക്ക് കീഴില്‍ വരുന്ന അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ. പ്രായമായവര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ആസറ പെൻഷൻ തുക വര്‍ധിപ്പിക്കും. പ്രായമായവര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും നിലവില്‍ ലഭിക്കുന്ന 2016 രൂപയില്‍ നിന്നും തുക 5000-ത്തിലേക്ക് ഘട്ടംഘട്ടമായി വര്‍ധിപ്പിക്കും. സമാനമായ രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന തുക 3016-ല്‍ നിന്നും 6000 രൂപയിലേക്ക് ഉയര്‍ത്തും. 

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ 400 രൂപയ്ക്ക് നല്‍കുമെന്നും കെ.സി.ആര്‍ പറഞ്ഞു. അംഗീകൃത പത്രപ്രവര്‍ത്തകര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. ആരോഗ്യ ശ്രീ ആരോഗ്യ പദ്ധതിക്ക് കീഴില്‍ ചികിത്സയ്ക്കായി പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പരിരക്ഷ 15 ലക്ഷം രൂപയായി ഉയര്‍ത്തും. സാധാരണക്കാര്‍ക്ക് വീടുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News