ഇറക്കം കുറഞ്ഞ പാവാട ധരിച്ച്‌ നൃത്തം ചെയ്തതിനെ 'അശ്ലീല' മായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി

  • 15/10/2023

ഇറക്കം കുറഞ്ഞ പാവാട ധരിച്ച്‌ നൃത്തം ചെയ്യുന്നത് പാതുജനങ്ങളെ അലോസരപ്പെടുത്തുന്ന 'അശ്ലീല' പ്രവൃത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിര്ഖുരയിലെ റിസോര്‍ട്ടിലെ വിരുന്നിനിടെ ഒരു പരിപാടിയില്‍ നടന്ന നൃത്തത്തിനെതിരെയുള്ള കേസ് പരിഗണിക്കുമ്ബോഴാണ് കോടതി പരാമര്‍ശം. 

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ സാധാരണവും സ്വീകാര്യവുമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വസ്ത്രധാരണം സിനിമകളിലും നമ്മള്‍ കാണുന്നതാണ്. ഏത് പ്രവൃത്തികളാണ് അശ്ലീലമാകുന്നത് എന്നത് വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തില്‍ പുരോഗമനപരമായ വീക്ഷണം സ്വീകരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും വിധി പ്രസ്താവത്തിനിടെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മേയ് മാസത്തില്‍ തിര്‍ഖുരയിലെ ടൈഗര്‍ പാരഡൈസ് റിസോര്‍ട്ടിലും വാട്ടര്‍ പാര്‍ക്കിലും റെയ്ഡ് നടത്തിയ സാഹചര്യത്തില്‍ ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ നൃത്തം ചെയ്തുവെന്നാരോപിച്ചാണ് പൊലീസ് കേസെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. മാത്രമല്ല സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സദാചാര പൊലീസിങാണെന്നും കോടതി കുറ്റപ്പെടുത്തി. 

Related News