നഴ്സുമാർക്കുള്ള ആനുകൂല്യങ്ങളിൽ 50 ദിനാർ വർധന വരുത്തി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 16/10/2023



കുവൈത്ത് സിറ്റി: നഴ്സുമാർക്കുള്ള ആനുകൂല്യങ്ങളിൽ പ്രതിമാസം ശരാശരി 50 ദിനാർ വർധന വരുത്തി ആരോ​ഗ്യ മന്ത്രാലയം. ഏകദേശം പതിനായിരത്തോളം നഴ്‌സുമാർക്കാണ് ഇതിന്റെ ​ഗുണഫലം ലഭിക്കുക. ഇതിൽ 599 കുവൈത്തി നഴ്സുമാരെ കാറ്റ​ഗറി ബിയിൽ നിന്ന് എയിലേക്ക് ഉയർത്തിയിട്ടുണ്ട്. 98 കുവൈത്തി നഴ്സുമാരെ കാറ്റ​ഗറി സി യിൽ നിന്ന് ബി യിലേക്കും മാറ്റി. കാറ്റ​ഗറി മാറ്റത്തിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത് 697 നഴ്‌സുമാരാണ്. അതേസമയം, കുവൈത്തികൾ അല്ലാത്ത നിരവധി നഴ്സുമാർക്ക് ​ഗുണഫലം ലഭിക്കും.

കാറ്റ​ഗറി ബി യിൽ നിന്ന് എ യിലേക്ക് മാറിയത് 4,200 നഴ്സുമാരാണ്. കൂടാതെ 3,702 നഴ്സുമാർ കാറ്റ​ഗറി സി യിൽ നിന്ന് ബി യിലേക്ക് മാറി. കാറ്റ​ഗറി മാറ്റത്തിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത് 7,902 നഴ്സുമാരാണ്. ബോണസ് ക്ലോസ് പ്രകാരം സേവനം ഉപയോഗിക്കുന്നവരുടെ കാറ്റ​ഗറി മാറ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കുവൈത്തികളല്ലാത്ത നഴ്‌സുമാരുടെ എണ്ണം 601 ആണ്. 401 പേർ കാറ്റ​ഗറി ബി യിൽ നിന്ന് എ യിലേക്ക് മാറി. കാറ്റ​ഗറി സി യിൽ നിന്ന് ബി യിലേക്ക് എത്തിയത് 200 നഴ്സുമാരാണെന്നും അധികൃതർ വ്യക്തമാക്കി.

Related News