പണത്തോട് ആര്‍ത്തി, 7 കുഞ്ഞുങ്ങളെ വിറ്റ് സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍, അവയവക്കടത്തിലും പങ്ക്

  • 16/10/2023

ചെന്നൈ : തമിഴ്നാട് നാമക്കലില്‍ നവജാതശിശുക്കളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനുരാധയും ബ്രോക്കറുമാണ് അറസ്റ്റിലായത്. പണത്തോടുള്ള ആര്‍ത്തിയില്‍ ആതുര സേവനത്തിന്റെ വില മറന്ന വനിത ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന പാവങ്ങളെയാണ് 49കാരിയായ വനിത ഡോക്ടര്‍ ലക്ഷ്യമിട്ടത്. രണ്ടു കുട്ടികള്‍ ഉള്ള അമ്മമാരുടെ അടുത്തേക്ക് സഹായിയായ ലോകമ്മാളെ അയക്കും. ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ നിരക്കില്‍ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കും. ഇങ്ങനെ ഏഴു കുഞ്ഞുങ്ങളെ കൈമറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴി.

നവജാതശിശുവിന് സുഖമില്ലാതായത്തോടെ ഒക്ടോബര്‍ 12 ന് ആശുപത്രിയില്‍ എത്തിയ ദിനേശ് -നാഗജ്യോതി ദമ്ബതികളെ ലോകമ്മാള്‍ സമീപിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. സംശയം തോന്നിയ ഇരുവരും ജില്ലാ കളക്ടര്‍ക്കും എസ് പിക്കും പരാതി നല്‍കി. അന്വേഷണത്തിന് ഒടുവില്‍ ഡോക്ടരും ബ്രോക്കറും കുടുങ്ങി.

അവയവ കടത്തിലും ഇരുവരും ഏര്‍പ്പെട്ടതായും തിരുച്ചിറപ്പല്ലി തിരുനെവേലി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചിലരുടെ സഹായം കിട്ടിയെന്നും സൂചനയുണ്ട്. അനുരാധയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സംസ്ഥാന വ്യാപക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.

Related News