ദില്ലി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ആലോചനയില്‍; ഇഡി സുപ്രീംകോടതിയില്‍

  • 16/10/2023

ദില്ലി മദ്യനയ കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ആലോചനയിലാണെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാനാണ് ആലോചന. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കവേയാണ് ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചത്.

അതേസമയം മദ്യ നയ കേസില്‍ പ്രധാനമായി ഇടപെട്ടത് മനീഷ് സിസോദിയയും വിജയ് നായരുമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. അഴിമതി പണം വെളുപ്പിക്കാൻ സിസോദിയ നേരിട്ട് ഇടപെട്ടെന്നാണ് ഇഡിയുടെ വാദം. 11 മാസമായി സിസോദിയ ഉപയോഗിച്ച ഫോണ്‍ ദില്ലി ലഫ് ഗവര്‍ണര്‍ സിബിഐക്ക് പരാതി കൈമാറിയ അന്ന് നശിപ്പിച്ചെന്നും ആ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇഡി വാദിച്ചു. ഇത് തെളിവ് നശിപ്പിക്കാനാണെന്നും ഇഡി കോടതിയെ ധരിപ്പിച്ചു. 

ദില്ലി സര്‍ക്കാര്‍ സ്വകാര്യ കമ്ബനികള്‍ക്ക് അമിത ലാഭമുണ്ടാക്കാനാണ് മദ്യനയം മാറ്റിയതെന്നും ഇതുമൂലം ലാഭം 5 ശതമാനത്തില്‍നിന്നും 12 ശതമാനമായി ഉയര്‍ന്നെന്നും ഇഡി വാദിച്ചു. പുതിയ മദ്യനയം കാരണം ജനങ്ങള്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു.

Related News