ഐബിഎമ്മുമായി സഹകരിക്കാന്‍ ഐടി മന്ത്രാലയം, ധാരണാപത്രം ഒപ്പിട്ടു

  • 18/10/2023

ആഗോള ടെക്നോളജി കമ്ബനിയായ ഐബിഎമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ഐടി മന്ത്രാലയം. മൂന്നു മേഖലകളില്‍ ഐബിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജൻസ്, ക്വാണ്ടം കമ്ബ്യൂട്ടിങ് എന്നീ മൂന്നു മേഖലകളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനാണ് ഐബിഎം ഇന്ത്യയും ഐടി മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തിയത്.

ഇതുസംബന്ധിച്ച്‌ സിഡാക്കും, എഐ ഇന്ത്യ-ഡിജിറ്റല്‍ കോര്‍പറേഷനും ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷനുമാണ് ഐബിഎം ഇന്ത്യയുമായി കരാറൊപ്പിട്ടത്. സെമി കണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, ക്വാണ്ടം കമ്ബ്യൂട്ടിങ് തുടങ്ങിയ മൂന്നു മേഖലയിലും വലിയ സാധ്യതയാണുള്ളതെന്നും ആഗോളതലത്തിലെ പങ്കാളിത്തം കൂടുതല്‍ സാധ്യതകള്‍ ഈ മേഖലയില്‍ തുറന്നു നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എ.ഐ സാങ്കേതിക വിദ്യയില്‍ ഉള്‍പ്പെടെ ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തുമുള്ള സംരംഭകരെ സ്വാഗതം ചെയ്യുകയാണ്. സെമികണ്ടക്ടര്‍ മേഖലയിലും ഇന്ത്യ വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നതെന്നും പുതിയ കരാര്‍ കൂടുതല്‍ കരുത്താകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related News