പരിസരത്തെ സിസിടിവി ഓഫാക്കി, സ്റ്റേഷനിലേത് ഓഫാക്കാന്‍ മറന്നു, തൊണ്ടിമുതല്‍ മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍

  • 19/11/2023

പൊലീസ് സ്റ്റേഷനില്‍ നിന്ന് മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍. ഗുജറാത്തിലെ മഹാസാഗര്‍ ജില്ലയിലാണ് സംഭവം. 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ആണ് ഇവരെ കുടുക്കിയത്. 


വനിതകള്‍ക്കുള്ള ലോക്കപ്പിലാണ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്നത്. 2 ലക്ഷം രൂപയോളം വിലയാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ 428 ബോട്ടിലുകളും കള്ളകടത്തുകാരനില്‍ നിന്ന് പിടിച്ച 75 ടേബിള്‍ ഫാനുകളുമാണ് ഉണ്ടായിരുന്നത്. ഒന്നരലക്ഷത്തോളം വിലവരുന്ന മദ്യകുപ്പികളും അമ്ബതിനായിരം രൂപയിലധികം വരുന്ന ഫാനുകളുമാണ് മോഷണം പോയത്. നവംബര്‍ 13ന് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അരവിന്ദ് ഖാന്ത് എന്ന എഎസ്‌ഐയുടെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

ഒക്ടോബര്‍ 25നാണ് മോഷണം നടന്നത്. എഎസ്‌ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ലളിത് പാര്‍മര്‍ എന്നിവര്‍ രാത്രി ഡ്യൂട്ടിക്കിടെ ലോക്കപ്പില്‍ കയറി മോഷണം നടത്തുകയായിരുന്നു. പരിസരത്തുള്ള സിസിടിവി ഹെഡ് കോണ്‍സ്റ്റബിള്‍ അല്‍പ നേരത്തേക്ക് ഓഫാക്കിയും വച്ചിരുന്നു. മോഷണത്തില്‍ സഹായിച്ച പ്രദേശവാസികള്‍ ഒളിവിലാണ്.

Related News