ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് പശ്ചിമബംഗാളില്‍ ആരാധകൻ ജീവനൊടുക്കി

  • 21/11/2023

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലുള്ള ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ഫൈനല്‍ കഴിഞ്ഞ് ‍ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോര്‍ തിയേറ്ററിനു സമീപമായിരുന്നു സംഭവം. രാഹുല്‍ ലോഹര്‍ എന്ന യുവാവാണ് മരിച്ചത്.

കടുത്ത ക്രിക്കറ്റ് ആരാധകനായ രാഹുല്‍ ഫൈനല്‍ കാണാനായി ജോലിയില്‍ നിന്ന് ലീവെടുത്തിരുന്നു. ഫൈനലില്‍ ടീമിന്റെ പരാജയത്തെ തുടര്‍ന്ന് സ്വന്തം മുറിയിലേക്ക് പോയ രാഹുലിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവം നടക്കുമ്ബോള്‍ രാഹുലിന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് സഹോദരി ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് ഗുവാഹത്തിയിലും യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ബിറുബറിയിലെ ഐടിഐ വിദ്യാര്‍ത്ഥിയായ 21 കാരനാണ് മരിച്ചത്. ഇന്ത്യയുടെ തോല്‍വി താങ്ങാൻ കഴിയാതെയാണ് മരണമെന്ന് കുടുംബം പറയുന്നു.

Related News