ചൈനീസ് ന്യൂമോണിയ: നിരീക്ഷിച്ച്‌ വരുന്നതായി കേന്ദ്രം, അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാര്‍

  • 24/11/2023

ചൈനയില്‍ പടരുന്ന എച്ച്‌9എന്‍2 വൈറസ് കേസുകളും ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനിയും നിരീക്ഷിച്ച്‌ വരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇവ ഇന്ത്യയില്‍ പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പക്ഷിപ്പനിക്ക് കാരണമാകുന്നതാണ് എച്ച്‌9എന്‍2 വൈറസ്. വടക്കന്‍ ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പടരുന്നത്. ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ചെയര്‍മാന്റെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ചൈനയില്‍ ഇരുരോഗങ്ങളും പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി. 

പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും മനുഷ്യനിലും വളര്‍ത്തുമൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം മുന്നോട്ടുവെച്ചു. 

Related News