മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4പ്രതികള്‍ക്ക് ജീവപര്യന്തം

  • 25/11/2023

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ കോടതി. അ‌ഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും വിധിച്ചു. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2008 സെപ്റ്റംബര്‍ 30നാണ് സൗമ്യയെ പ്രതികള്‍ വെടിവച്ചുകൊന്നത്.

സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്.

കേസില്‍ ഇരുകക്ഷികളുടെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. വിധി കേള്‍ക്കാൻ സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങള്‍ കോടതിയിലെത്തിയിരുന്നു. സൗമ്യയുടെ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതിയെത്തുന്നത്. 

Related News