'അടുത്തിരിക്കുന്നില്ല, സംസാരിക്കുന്നില്ല'; കോളേജ് ബസില്‍ സഹപാഠിയുടെ കഴുത്ത് മുറിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍

  • 28/11/2023

ചെന്നൈ: സൗഹൃദം വേണ്ടെന്ന് വച്ചതിന്റെ പേരില്‍ കോളേജ് ബസിനുള്ളില്‍ വിദ്യാര്‍ത്ഥി സഹപാഠിയുടെ കഴുത്ത് മുറിച്ചു. കരൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. നിതീഷിനെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതിയായ എംബിഎ വിദ്യാര്‍ത്ഥി അണ്ണാമലൈയെ കുഴിത്തല പൊലീസ് അറസ്റ്റ് ചെയ്തു.

നിതീഷും അണ്ണാമലൈയും കോളേജ് ബസില്‍ അടുത്തടുത്ത സീറ്റിലിരുന്നാണ് പോയിരുന്നത്. എന്നാല്‍, കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് നിതീഷ് അണ്ണാമലൈയോട് സംസാരിക്കുന്നതും അടുത്തിരിക്കുന്നതും അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് അണ്ണാമലൈ പൊലീസിനോട് പറഞ്ഞത്.

ഇന്നലെ രാവിലെ കോളേജിലേയ്‌ക്ക് പോകുന്നതിനിടെ ബസില്‍ നിതീഷിന്റെ അടുത്ത് വന്നിരുന്ന അണ്ണാമലൈ, കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സുഹൃത്തിന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍, ബസ് കുഴിത്തല ആശുപത്രിയിലേയ്‌ക്ക് എത്തിച്ച്‌ നിതീഷിനെ അവിടെ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദ്യാര്‍ത്ഥിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി തിരുച്ചിറപ്പള്ളി ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു.

Related News