ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായ് നാളെ അധികാരമേല്‍ക്കും; മോദി പങ്കെടുക്കും

  • 11/12/2023

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി മുന്‍ കേന്ദ്ര സഹമന്ത്രിയും മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവുമായ വിഷ്ണുദേവ് സായ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നിരവധി ബിജെപി മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. 

കഴിഞ്ഞ ദിവസം നടന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണു മുഖ്യമന്ത്രിയായി വിഷുണുദേവിനെ തെരഞ്ഞെടുത്തത്. അരുണ്‍ സാവു, വിജയ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. .ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരനായ ആദ്യ മുഖ്യമന്ത്രിയായിരിക്കും വിഷ്ണുദേവ്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗി ഗോത്രവര്‍ഗക്കാരനല്ലെന്ന് 2019ല്‍ തെളിഞ്ഞിരുന്നു.

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി മോഹന്‍യാദവിനെ ഇന്ന് തെരഞ്ഞെടുത്തു. ഭോപ്പാലില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.

Related News