'പാര്‍ലമെന്‍റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും'; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

  • 16/12/2023

പാര്‍ലമെന്‍റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി. പാര്‍ലമെൻറ് അതിക്രമത്തില്‍ ഇത് ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.

ഇതിനിടെ, കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം പദ്ധതി തയ്യാറാക്കിയതെന്നാണ് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തല്‍. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാല്‍ ദേഹത്ത് പുരട്ടാൻ ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാര്‍ലമെന്‍റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നല്‍കിയത്.

പാര്‍ലമെന്‍റ് അതിക്രമത്തിലൂടെ പ്രതികള്‍ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമം നടന്നു. കേസില്‍ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. തെളിവെടുപ്പിനായി ലോക്സഭാ അധികൃതരെ സമീപിക്കാനാണ് ദില്ലി പൊലീസിന്‍റെ നീക്കം.

Related News