ഖത്തറില്‍ തടവിലായ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ; ഉന്നത കോടതിയില്‍ അപ്പീലിന് പോകുമെന്ന് ബന്ധുക്കള്‍

  • 29/12/2023

ഖത്തറില്‍ തടവിലായ ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ. ഖത്തര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 3 മുതല്‍ 25 വര്‍ഷം വരെയാണ് ശിക്ഷാകാലവധി. മലയാളി നാവികന് മൂന്ന് വര്‍ഷം ശിക്ഷയാണ് നല്‍കിയതെന്നാണ് സൂചന. വിധിക്കെതിരെ ഖത്തര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തടവുകാരെ കൈമാറുന്നതിന് ഖത്തറുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ഖത്തറില്‍ തടവിലായ മുന്‍ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇന്നലെ ഖത്തര്‍ കോടതി റദ്ദാക്കിയിരുന്നു. പകരം തടവുശിക്ഷയാണ് കോടതി നല്‍കിയത്. നാവികര്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന തടവു ശിക്ഷയുടെ കാലാവധി വ്യത്യസ്തമാണ്. ഈ സാഹചര്യത്തില്‍ ഖത്തറിലെ ഉന്നത കോടതിയെ സമീപിക്കുക എന്ന പോംവഴിയാണ് കുടുംബം നോക്കുന്നത്. എല്ലാവരുടെയും അപ്പീല്‍ ഒന്നിച്ചാകും നല്‍കുക. സാധാരണ ഗതിയില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടു മാസം വേണം. 

വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പീല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. ഉന്നത കോടതിയില്‍ നിന്ന് ഇളവു കിട്ടിയില്ലെങ്കില്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ നല്‍കാം. സാധാരണ റംസാന്‍ സമയത്താണ് അമീര്‍ മാപ്പപേക്ഷ അംഗീകരിക്കാറുള്ളത്. തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമുണ്ട്.

Related News