'കഴിഞ്ഞ 4 തവണ മെഡല്‍ ലഭിച്ചിട്ടും പാരീസ് ഒളിംപിക്സിനായി ഒരു തയ്യാറെടുപ്പുമില്ല, ഗുസ്തിമത്സരങ്ങള്‍ പുനരാരംഭിക്കണം'

  • 30/12/2023

ദേശീയ ഗുസ്തി മത്സരങ്ങള്‍ പുനരാരംഭിക്കാൻ കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ട് ഗുസ്തി താരം ബജ്റംഗ് പൂനിയ. പാരീസ് ഒളിംപിക്സിനായുളള യാതൊരു തയ്യാറെടുപ്പും നടക്കുന്നില്ല. കഴിഞ്ഞ നാല് ഒളിംപിക്സിലും ഇന്ത്യയ്ക്ക് ഗുസ്തിയില്‍ മെഡല്‍ ലഭിച്ചിരുന്നു. ഗുസ്തിതാരങ്ങളുടെ ഭാവി മുന്നില്‍ കണ്ട് എത്രയും വേഗം നടപടിയെടുക്കണമെന്നും ബജ്റംഗ് പൂനിയ ആവശ്യപ്പെട്ടു. കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ ടാഗ് ചെയ്താണ് താരം സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തത്.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി ബജ്രംഗ് പൂനിയയുടെ വസതിയിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ബജ്രംഗ് പൂനിയയുടെ ഹരിയാനയിലെ വസതിയില്‍ എത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങള്‍ക്ക് ഗോദയില്‍ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. അപ്രതീക്ഷിതമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്ന് ബജ്രംങ് പൂനിയ പ്രതികരിച്ചു.

ഗുസ്തി ഫെഡറേഷൻ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കായിക താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. ബ്രിജ് ഭൂഷന്‍റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിന് പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതും ബജ്രംഗ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നല്‍കിയതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. 

Related News