'കുടുംബത്തിന് ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കണം'; യുവാവിനെ കൊന്ന് തീകൊളുത്തി

  • 03/01/2024

സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച്‌ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം തട്ടാന്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. യുവാവിനെ കൊലപ്പെടുത്താന്‍ ജിം ട്രെയിനര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായ രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിം ട്രെയിനറുമായി രൂപ സാദൃശ്യമുള്ള യുവാവിനെ കണ്ടെത്തിയാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

2023 സെപ്റ്റംബറിലാണ് കുറ്റകൃത്യത്തിന് ആസ്പദമായ സംഭവം നടന്നത്. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് ലഭിക്കുന്നതിനായി സ്വന്തം മരണം ജിം ട്രെയിനര്‍ സുരേഷ് വ്യാജമായി സൃഷ്ടിക്കുകയായിരുന്നു. ചെന്നൈ സ്വദേശിയായ സുരേഷിന്റെ കുടുംബത്തിന്റെ പേരിലുള്ള ഫാമിലെ കുടിലിലാണ് സുരേഷുമായി രൂപസാദൃശ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത്.

എന്നിട്ട് മരിച്ചത് സുരേഷാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് പണം തട്ടാനുള്ള സുരേഷിന്റെ പദ്ധതി പൊളിഞ്ഞു. സുരേഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് പണം ഇന്‍ഷുറന്‍സ് കമ്ബനി നിഷേധിച്ചു.

സുരേഷുമായി രൂപസാദൃശ്യമുള്ള ദില്ലിബാബുവിനെയാണ് കൊലപ്പെടുത്തിയത്. ദില്ലിബാബുവിനെ പുതുച്ചേരിയില്‍ വച്ച്‌ സുരേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മദ്യപിക്കാന്‍ എന്ന പേരില്‍ പുതുച്ചേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ദില്ലിബാബുവിനെ കൊലപ്പെടുത്തിയ ശേഷം ഫാമിലെ കുടിലിന് തീയിട്ട് മരിച്ചത് സുരേഷ് ആണ് എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് സുരേഷ് ഒളിവില്‍ പോയി. മരിച്ചത്് സുരേഷ് ആണെന്നാണ് കുടുംബവും കരുതിയത്.

അതിനിടെ മകനെ കാണാനില്ലെന്ന് കാണിച്ച്‌ ദില്ലിബാബുവിന്റെ അമ്മ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കേസില്‍ ട്വിസ്റ്റ് ആയത്. അന്വേഷണത്തില്‍ ദില്ലിബാബു അവസാനമായി സുരേഷിനൊപ്പമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. സുരേഷിന്റെ ഗ്രാമത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍ സുരേഷ് മരിച്ചു പോയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Related News