അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് ആപ്പ്

  • 03/01/2024

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ വ്യാഴാഴ്ച ഇ.ഡിയുടെ പരിശോധനക്കും തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് ഡല്‍ഹി മന്ത്രി അതിഷി അറിയിച്ചു. മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരായിരുന്നില്ല. കെജ്‌രിവാളിന്റെ വസതിയിലേക്ക് പോകുന്ന വഴികള്‍ ഡല്‍ഹി പോലീസ് അടച്ചതായി ആപ്പ് നേതാക്കാള്‍ അറിയിച്ചു.

നേരത്തെ നവംബര്‍ രണ്ടിനും ഡിസംബര്‍ 21 നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്ബാകെ ഹാജരാകാൻ നിര്‍ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് കെജ്രിവാളിന്റെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയുകയാണ് അറസ്റ്റിലൂടെ ഇ.ഡി ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താലും കെജ്രിവാള്‍ രാജിവെക്കാതെ ജയിലിലിരുന്ന് ജോലി തുടരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കെജ്രിവാള്‍ കഴിയുന്ന ജയിലിലേക്ക് വിളിക്കും. ജയിലില്‍ തുടരുന്ന കാലത്തോളം അവിടെയിരുന്ന് ജോലി തുടരാൻ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.

Related News