ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി കണ്ടത് ചോരയില്‍ കുളിച്ച നിലയില്‍ 19 കാരിയെ; 14-ാം നിലയില്‍ നിന്നും ചാടി മരിച്ചു

  • 04/01/2024

മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പതിനാലാം നിലയില്‍ നിന്നും ചാടി 19 കാരി ആത്മഹത്യ ചെയ്തു. മുംബൈ അന്ധേരിയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. മുംബൈയിലെ താനെ സ്വദേശിയായ വിധി പ്രമോദ് കുമാര്‍ സിംഗാണ് ആത്മഹത്യ ചെയ്തത്.

വിലെ പാര്‍ലെയിലെ മിതിഭായ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു വിധി. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വിധി അന്ധേരിയിലെ മില്ല്യണയര്‍ ഹെറിറ്റേജില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് രക്തത്തില്‍ കുതിര്‍ന്ന വിധിയുടെ മ‍ൃതദേഹം ആദ്യം കാണുന്നത്. ഉടനെ സെക്യൂരിറ്റി ഡി എൻ നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിധി എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ താൻ വിഷാദ രോഗത്തിന് അടിമയാണെന്നും അതിന്റെ ഫലമായി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും എഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആത്മഹത്യയുടെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായി മറ്റൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് താനെ നിവാസികളായ വിധിയുടെ മാതാപിതാക്കളോട് പൊലീസ് അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related News