പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഡോക്ടറുടെ കൈയക്ഷരം ജഡ്ജിക്ക് വായിക്കാനായില്ല; രൂക്ഷ വിമര്‍ശനവുമായി കോടതി

  • 08/01/2024

രോഗികള്‍ക്കുള്ള കുറിപ്പടികളും മെഡിക്കോ - ലീഗല്‍ റിപ്പോര്‍ട്ടുകളും വായിക്കാനാവുന്ന തരത്തില്‍ എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതി. ഒഡിഷ ഹൈക്കോടതിയാണ് സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകളും കുറിപ്പടികളും വായിക്കാന്‍ കഴിയുന്ന തരത്തിലാവണം. പറ്റുമെങ്കില്‍ വലിയ അക്ഷരത്തില്‍ എഴുതുകയോ അല്ലെങ്കില്‍ ടൈപ്പ് ചെയ്ത് നല്‍കുകയോ വേണമെന്നും കോടതി പറഞ്ഞു. 

ഡോക്ടര്‍മാര്‍ എഴുതുന്ന രേഖകള്‍ വായിച്ച്‌ മനസിലാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദേശമെന്നും കോടതി പറ‌ഞ്ഞു. കോടതിയുടെ പരിഗണനയ്ക്ക് വന്ന ഒരു കേസിലെ അനുബന്ധ രേഖയായി സമര്‍പ്പിക്കപ്പെട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ അത് വായിക്കാനുള്ള ബുദ്ധിമുട്ടാണ് സംസ്ഥാന സര്‍ക്കാറിന് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചത്. മകൻ പാമ്ബ് കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എഴുതിയ ഡോക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി റിപ്പോര്‍ട്ട് വായിക്കുകയും തന്റെ അഭിപ്രായം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം പാമ്ബ് കടിയേറ്റ് തന്നെയെന്ന് ജഡ്ജിക്ക് സ്ഥിരീകരിക്കാനായതും അതിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി പറഞ്ഞതും. 

പല കേസുകളിലും മെഡിക്കോ - ലീഗല്‍ റിപ്പോര്‍ട്ട് എഴുതുമ്ബോള്‍ ഡോക്ടര്‍മാര്‍ കാണിക്കുന്ന അലംഭാവം ഇത്തരം കേസുകളുടെ അപഗ്രഥനത്തിന് പ്രയാസമാകുന്നുണ്ടെന്ന് കോടതി പറഞ്ഞു. വളരെ മോശമായ തരത്തില്‍ എഴുതി വരുന്ന ചില റിപ്പോര്‍ട്ടുകള്‍ വായിച്ച്‌ ഒരു തീരുമാനത്തില്‍ എത്താന്‍ നീതിന്യായ സംവിധാനത്തിന് വളരെ പണിപ്പെടേണ്ടിവരുന്നു. സാധാരണക്കാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുമൊന്നും മനസിലാവാത്ത തരത്തില്‍ എഴുതുന്നത് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

Related News