കേന്ദ്രസർക്കാരിനെതിരായ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരള സർക്കാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണക്കത്ത് വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി. കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ ഫെബ്രുവരി 8 നാണ് ജനകീയ സമരം നടത്തുന്നത്.
ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയൻ സർക്കാരിൻ്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങള്‍ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവെക്കുകയാണ് യൂണിയൻ സർക്കാർ. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരമുള്‍പ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദിസർക്കാർ സ്വീകരിക്കുന്നത്.
ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സർക്കാരുകള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ ഘട്ടത്തില്‍ കേരളത്തിൻ്റെ പ്രതിഷേധത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിൻ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.
കൂടിക്കാഴ്ചയില്‍ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികള്‍ ജന്തർമന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും എം എല്‍ എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?