പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണം വർധിക്കുന്നതായി പഠനം

  • 24/01/2024



പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണം വർധിക്കുന്നതായി പഠനം. കൂടുതലും 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ് ഹൃദയാഘാതം മൂലം ചികിത്സ തേടുന്നത്. തണുപ്പു കൂടിയതും ആവശ്യത്തിന് വ്യായാമമില്ലാത്തതും ജീവിത, ഭക്ഷണരീതികളുമെല്ലാം മരണനിരക്ക് കൂടാൻ കാരണമായിട്ടുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ വിലയിരുത്തൽ. 

കൃത്യമായ വ്യായാമവും ഭക്ഷണക്രമവും മാനസിക സമ്മർദ്ദം ഒഴിവാക്കിയും ഒരുപരിധി വരെ പെട്ടെന്നുള്ള മരണങ്ങളെ നേരിടാമെങ്കിലും അലംഭാവം മരണനിരക്ക് കൂടാൻ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിൽ പെട്ടന്നുണ്ടാകുന്ന മരണത്തിന് കൊവിഡുമായി ബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചില കോണുകളിൽ നിന്നുള്ള ഇത്തരം പ്രചാരണത്തിന് ഒരു സ്ഥിരീകരണവുമില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു.

ഹൃദയാഘാതമുണ്ടാവുന്ന രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുക എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെയുള്ള രോഗികളെ ഉടൻ ആശുപത്രിയിലെത്തിക്കാതിരിക്കുന്നതും സാമ്പത്തിക ലാഭം നോക്കി കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാതെ സ്വയം രോഗനിർണയം നടത്തുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

കുവൈത്തിൽ  ഹൃദയാഘാതമരണ നിരക്കിൽ  ഇന്ത്യക്കാർ മുന്നിലാണെന്ന്  അടുത്തിടെ  റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .    കഴിഞ്ഞ വാരം മാത്രം  അഞ്ചു മലയാളികളാണ് കുവൈത്തിൽ മരിച്ചത്.  ജീവിത ശൈലിയും ഭക്ഷണരീതിയും ഒക്കെ ഹൃദയാഘാത നിരക്ക് കൂടാൻ കാരണമാകുന്നതായാണ് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത് . തണുപ്പ് കാലത്തും ശരീരത്തിൽ ഡീഹൈഡ്രേഷന് സാധ്യത കൂടുതലാണു ഇതൊഴിവാക്കാൻ ധാരാളം  വെള്ളം കുടിക്കണമെന്നും ഡോക്റ്റർമാർ നിർദേശിക്കുന്നു.  ഭക്ഷണത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതും , ജംഗ് ഫുഡ് ഒഴിവാക്കുന്നതും ഹൃദ്രോഗസാധ്യത കുറയ്ക്കും.

വ്യായാമത്തിനും  ഉറക്കിനും ഉള്ള പ്രാധാന്യവും ചെറുതല്ല. കൃത്യമായ ഇടവേളകളിൽ  ഹെൽത്ത് ചെക്ക് അപ്പ്  നടത്തുന്നതിലൂടെ  ആരോഗ്യനിലവാരം തിരിച്ചറിയാനും ആകസ്മിക മരണങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങൾ ഇല്ലാതാക്കാനും സാധിക്കുമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രവാസികളെ വ്യായാമത്തെക്കുറിച്ചും ജീവിത, ഭക്ഷണ രീതികളെക്കുറിച്ചുമെല്ലാം ബോധവത്കരിക്കാൻ ഇതിനകം വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ജോലിത്തിരക്കിനിടയിലും വ്യായാമം ചെയ്യാനും കൃത്യമായ ഭക്ഷണ രീതി പിൻതുടരാനും പ്രവാസികൾ തയ്യാറാകേണ്ടതുണ്ട്. അത്തരത്തിൽ ചിട്ടയായ ജീവിത രീതിയിലൂടെ പൃദയാഘാതത്തെ തടഞ്ഞ് നിർത്താൻ സാധിക്കും.



Related News