കുവൈറ്റ് പ്രവാസി തൊഴിലാളികൾക്ക് സന്തോഷവാർത്ത; ജോലി സമയം കുറയ്ക്കണമെന്ന് നിർദ്ദേശം

  • 25/01/2024

 


കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജോലിയുടെ കാര്യത്തിൽ നിയമഭേദഗതി നിർദ്ദേശിച്ച് എംപിമാർ. ബദർ നഷ്മി, ഫാരിസ് അൽ ഒതൈബി, അബ്ദുൽ ഹാദി അൽ അജ്മി, ബദർ സയാർ, ഒസാമ അൽ ഷഹീൻ എന്നിവരാണ്  2010-ലെ  നിയമ നമ്പർ ആറിൽ ഭേദ​ഗതി കൊണ്ട് വരണമെന്ന് നിർദേശം വച്ചിട്ടുള്ളത്. ആർട്ടിക്കിൾ 64ൽ മാറ്റം വേണമെന്നുള്ളതാണ് ആവശ്യം. നിയമത്തിൽ പറഞ്ഞിരിക്കുന്ന പ്രത്യേക കേസുകളിൽ ഒഴികെ, ഒരു തൊഴിലാളിയുടെ പ്രതിവാര സമയം 42 മണിക്കൂർ, അല്ലെങ്കിൽ പ്രതിദിന സമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് നിർദേശത്തിൽ പറയുന്നു. 

വിശുദ്ധ റമദാൻ മാസത്തിൽ, ആഴ്ചയിലെ ജോലി സമയം മുപ്പത്തിയാറായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമമില്ലാതെ ഒരു തൊഴിലാളിക്ക് പ്രതിദിനം തുടർച്ചയായി നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് പ്രസ്താവിക്കുന്ന പുതിയ ഒരു മാറ്റം കൊണ്ട് വരണം. ബാങ്കിംഗ്, സാമ്പത്തിക, നിക്ഷേപ മേഖല ഒഴികെയുള്ള മേഖലയ്ക്ക് വേണ്ടിയാണ് ഈ നിർദേശം. ഈ മേഖലയിലെ ജോലി സമയം തുടർച്ചയായി ഏഴ് മണിക്കൂർ തുടരും.

Related News