വമ്പൻ തട്ടിപ്പ് നടത്തിയ കേസില്‍ അഞ്ചംഗ സംഘത്തിന് കുവൈത്തിൽ 40 വര്‍ഷം തടവ്

  • 26/01/2024



കുവൈത്ത് സിറ്റി: വമ്പൻ തട്ടിപ്പ് നടത്തിയ കേസില്‍ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് അംഗ സംഘത്തെ 40 വർഷം തടവിന് ശിക്ഷിച്ച് ക്രിമിനല്‍ കോടതി. വ്യാജ നിക്ഷേപത്തിലേക്ക് ആകർഷിക്കപ്പെട്ട നിരവധി കുവൈത്തികളെ ഇരകളാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ജഡ്ജി അബ്ദുല്ല അൽ ഒസൈമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചത്. കുവൈത്തിലും വിദേശത്തും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഗൾഫ്, തുർക്കി ബാങ്ക് അക്കൗണ്ടുകൾ വഴി ലഭിച്ച പണം കൈമാറാൻ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തി. ഈ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സെൻട്രൽ ബാങ്കുമായും സാമ്പത്തിക അന്വേഷണ യൂണിറ്റുമായും സഹകരിച്ച് അന്വേഷണം നടത്താൻ ക്രിമിനൽ കോടതി ആദ്യമായി പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരവധി പൗരന്മാർക്ക് പ്രശ്‌നമായി മാറിയിരിക്കുന്നു. നിരവധി കുവൈത്തികളെ കബളിപ്പിച്ചവരെ വിട്ടുകിട്ടാൻ ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇന്റർപോളുമായി കുവൈത്ത് അധികൃതര്‍ ബന്ധപ്പെടും.

Related News