വാർഷിക ലാഭത്തിൽ റെക്കോർഡ് സൃഷ്ടിച്ച് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി

  • 03/04/2024


കുവൈത്ത് സിറ്റി: വാർഷിക ലാഭത്തിൽ റെക്കോർഡ് സൃഷ്ടിച്ച് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി. ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് 2023ല്‍ അടയാളപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ 47 ശതമാനം വർധനവ് കമ്പനി വെളിപ്പെടുത്തി. അതായത് ലാഭം 76.7 മില്യണ്‍ ദിനാറിൽ (ഏകദേശം 235 ദശലക്ഷം ഡോളർ) എത്തി. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്‍റെ വൈസ് ചെയർമാൻ അബ്‍ദുൾ ഹമീദ് തൗഫീഖി, പൊതുസമ്മേളനത്തിൽ കമ്പനിയുടെ അസാധാരണമായ പ്രകടനവും ആസ്തികളിലെ വളർച്ചയെ കുറിച്ചും എടുത്തുപറഞ്ഞു.

2023ലെ ഷെയർഹോൾഡർമാരുടെ ഇക്വിറ്റി 635.9 മില്യണ്‍ ദിനാർ (ഏകദേശം 1.9 ബില്യൺ ഡോളർ) ആണെന്ന് തൗഫിഖി പറഞ്ഞു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് പ്രതിഫലിപ്പിക്കുന്നത്. മൊത്തം ആസ്തികളിലും ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 782.2 മില്യണ്‍ ദിനാറിൽ (ഏകദേശം 2.4 ബില്യൺ ഡോളർ) എത്തി, മുൻ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയാണ് വന്നിട്ടുള്ളതെന്നും അബ്‍ദുൾ ഹമീദ് തൗഫീഖി പറഞ്ഞു.

Related News