എഞ്ചിനയർമാരുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കായി കുവൈത്തിൽ പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്ഫോം

  • 18/04/2024


കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള എഞ്ചിനീയർമാർക്കുള്ള പ്രൊഫഷണൽ അക്രഡിറ്റേഷന്റെ കാര്യങ്ങളിൽ സുപ്രധാന ചർച്ച നടന്നു. സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് പ്രസിഡൻ്റ്, എഞ്ചിനിയർ ഫൈസൽ അൽ അറ്റൽ, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, തൊഴിൽ കാര്യ ഫസ്റ്റ് സെക്രട്ടറി മനസ് പട്ടേൽ, സെക്കൻഡ് സെക്രട്ടറി കോൺസുലർ അഫയേഴ്‌സ് അൻഷിത കാധ്വാസ് എന്നിവരുമായാണ് ചർച്ച നടത്തിയത്. 

എല്ലാ രാജ്യങ്ങളിലെയും എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കാൻ അസോസിയേഷൻ തയാറെടുക്കുകയാണെന്ന് അൽ അറ്റൽ അറിയിച്ചു. യോഗ്യതയും അനുഭവ പരിചയവും കുവൈത്തിൽ തൊഴിൽ ചെയ്യുന്നതിനുള്ള ആവശ്യകതകളുമായി പൊരുത്തപ്പെട്ട് കൊണ്ടാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. തുടർന്ന് അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ നടത്തുകയും അവർ രാജ്യത്ത് എത്തിയതിന് ശേഷം ടെസ്റ്റുകളിൽ വിജയിക്കുകയും ചെയ്യുക എന്നാണ് നടപടി ക്രമങ്ങൾ. 

കുവൈത്തിൽ പ്രൊഫഷണൽ അക്രഡിറ്റേഷനുള്ള ആവശ്യകതകൾ കൈവരിക്കുന്നതിന് അസോസിയേഷനുമായി സഹകരിച്ച് പരിഹരിക്കേണ്ട ഡസൻ കണക്കിന് കേസുകൾ ഉണ്ടെന്ന് ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അക്രഡിറ്റേഷൻ ബോഡികളും സർവ്വകലാശാലകളും കുവൈത്തിൽ പ്രൊഫഷണൽ അക്രഡിറ്റേഷനുള്ള ആവശ്യകതകൾ നിറവേറ്റാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 
അസോസിയേഷനുമായി സഹകരിച്ച് അഭിസംബോധന ചെയ്യേണ്ട ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി എഞ്ചിനീയർമാരുടെ പേരുകളുടെ പട്ടികയും ഇന്ത്യൻ അംബാസഡർ നൽകിയിട്ടുണ്ട്.

Related News