കുവൈത്തിൽ എലിശല്യം രൂക്ഷമാകുന്നു; മുന്നറിയിപ്പുമായി പരിസ്ഥിതി പ്രവർത്തകർ

  • 26/05/2024


കുവൈത്ത് സിറ്റി: എലികളുടെ വ്യാപനം രാജ്യത്ത് ഒരു ​ഗുരുതര പ്രശ്നമായി മാറുന്നു. രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ അവയുടെ എണ്ണം വർധിച്ച് വരുന്നത് നിരീക്ഷിച്ച ശേഷമാണ് പരിസ്ഥിതി പ്രവർത്തകർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ വിഷയത്തിൽ സമൂഹ അവബോധം വർധിപ്പിക്കാനും ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനും അവർ ആഹ്വാനം ചെയ്തു. കഴിഞ്ഞ മാർച്ചിൽ ആരോഗ്യ മന്ത്രാലയം ആരംഭിച്ച പരിസ്ഥിതി ശുചിത്വ, എലി നിയന്ത്രണ ക്യാമ്പയിനും നിയന്ത്രണ ശ്രമങ്ങളും നടത്തിയിട്ടും പകൽ വെളിച്ചത്തിൽ പോലും എലികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. 

അവ ഫാമുകളിൽ അടക്കം വ്യാപകമായി. മാലിന്യങ്ങളുടെയും ചപ്പുചവറുകളുടെയും കുമിഞ്ഞുകൂടൽ പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലാണ് ശല്യം ​ഗുരുതരമായിട്ടുള്ളത്. ജലീബ് അൽ ഷുവൈഖ്, ഖൈതാൻ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളൊക്കെ എലി ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ്. നോർവീജിയൻ എലി ഫാമുകൾ ആക്രമിക്കുകയും കന്നുകാലികൾ, ആടുകൾ, പക്ഷികൾ എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകൻ ഷബീബ് അൽ അജാമി പറഞ്ഞു.

Related News