താപനിലയിലെ വര്‍ധനവ്; വൈദ്യുതി ഉപയോഗം കുതിക്കുന്നു, കുവൈത്തിൽ പുതിയ റെക്കോര്‍ഡ്

  • 01/06/2024


കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതോടെ വൈദ്യുതി ഉപയോഗം പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്നലെ താപനില ഉയര്‍ന്ന് 50 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതോടെ ഈ വേനലിൽ ആദ്യമായി ഇലക്ട്രിക്കൽ ലോഡ് ഇൻഡക്സ് 15,411 മെഗാവാട്ടിലെത്തി. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഈ നിലയിലേക്ക് വൈദ്യുതി ഉപഭോഗം എത്തിയത്. ഈ വേനൽക്കാലത്ത് ലോഡ് 17,600 മെഗാവാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. 

പീക്ക് സമയത്ത് വരുന്ന അധിക ഡിമാൻഡ് നികത്താൻ ഊര്‍ജ ശേഖരം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് മന്ത്രാലയം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കൽ ലോഡ് ഇൻഡക്സ് 14,780 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു. താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെയായിരുന്നു ഇത്. എന്നാല്‍, താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതോടെ ലൈദ്യുതി ഉപയോഗവും വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Related News