ബാച്ചിലേഴ്‌സിന്‍റെ താമസം അടക്കം നിരവധി പ്രശ്നങ്ങള്‍; ഫര്‍വാനിയയില്‍ പുതിയ വര്‍ക്ക് പ്രോഗ്രാം

  • 02/06/2024


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റ് നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് മുനിസിപ്പൽ കൗൺസിലിലെ ഫർവാനിയ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മുതൈരി. ബാച്ചിലേഴ്‌സിന്‍റെ താമസം, ഗതാഗതക്കുരുക്ക്, ശുചിത്വമില്ലായ്മ, പൊതു ഉദ്യാനങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ വിവിധ പ്രശ്നങ്ങളാണ് ഗവര്‍ണറേറ്റ് അഭിമുഖീകരിക്കുന്നത്. കമ്മിറ്റിയുടെ ഫർവാനിയ ഗവർണറേറ്റ് സന്ദർശനം ഫലപ്രദമായിരുന്നുവെന്നും സഹകരണം സജീവമാക്കുന്നതിന് മുനിസിപ്പൽ കൗൺസിലുമായി ചേർന്ന് ഒരു വർക്ക് പ്രോഗ്രാം വികസിപ്പിക്കാൻ ഗവർണർ ഷെയ്ഖ് അത്ബിയുമായി ധാരണയായതായും അൽ മുതൈരി പറഞ്ഞു.

ബന്ധപ്പെട്ട അതോറിറ്റികൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കേണ്ടതിന്‍റെയും സഹകരണത്തിന്‍റെ ആവശ്യകതയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, മറ്റ് ഗവർണറേറ്റുകളെ അപേക്ഷിച്ച് കുറവ് പ്രാധാന്യം ലഭിക്കുന്ന കുവൈത്തിലെ ഗവർണറേറ്റുകളിൽ ഒന്നാണ് ഫർവാനിയ എന്ന് മുനിസിപ്പൽ കൗൺസിൽ അംഗം ആലിയ അൽ ഫാർസി പറഞ്ഞു. ഗവർണറേറ്റ് പ്രദേശങ്ങളുടെ ശുചിത്വം, സൗന്ദര്യവൽക്കരണം, വികസനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സഹകരണവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News