സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും; വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഫലമെന്ന് മന്ത്രി

  • 23/06/2024

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസ്സുകള്‍ നാളെ ആരംഭിക്കും. വിദ്യാർത്ഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. 2076 സർക്കാർ എയിഡഡ്-അണ്‍ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് നാളെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇത്രയും വേഗത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

2023 ല്‍ ജൂലായ് 5 നും 2022 ല്‍ ആഗസ്റ്റ് 25 നുമാണ് ക്ലാസുകള്‍ തുടങ്ങിയിരുന്നത്. ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാർത്ഥികള്‍ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്‍ററി അലോട്മെന്‍റ്റ് സമയത്ത് അഡ്മിഷൻ ലഭിക്കുന്നതാണ്. അതും വളരെവേഗം പൂർത്തിയാക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പത്താംക്ലാസ് വരെ എല്ലാവിഷയങ്ങളും പൊതുവായി പഠിക്കുന്ന വിദ്യാർത്ഥികള്‍ ഹയർസെക്കന്‍ററിയില്‍ വിവിധ വിഷയ കോമ്ബിനേഷനുകളായി തിരിഞ്ഞ് പഠിക്കുകയാണ് ചെയ്യുന്നത്. 46 വിഷയ കോമ്ബിനേഷനുകളാണ് കേരളത്തില്‍ നിലവിലുള്ളതെന്നത് വ്യത്യസ്ത താല്പര്യക്കാരെ പരിഗണിക്കുന്നതിന് ഉദാഹരണമാണ്. 

ഭാവിജീവിതത്തില്‍ വിവിധ മേഖലകളിലേക്ക് കടന്നുപോയി ജീവിതനേട്ടങ്ങള്‍ കൈവരിക്കാനുള്ള അടിത്തറയൊരുങ്ങുന്നത് ഹയർസെക്കന്‍ററിയിലാണ്. ആയതിനാല്‍ വളരെ ശ്രദ്ധാപൂർവം പഠനത്തെ സമീപിക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച്‌ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളിലൂടെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഇന്ന് സ്കൂളുകളില്‍ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നേടുന്നതിന് എല്ലാ വിദ്യാർത്ഥികള്‍ക്കും കഴിയണമെന്ന് മന്ത്രി പറഞ്ഞു. 

Related News