മയക്കുമരുന്ന് കൈവശം വെക്കുകയും വിൽക്കുകയും ചെയ്ത സംഘം അറസ്റ്റിൽ

  • 12/08/2025



കുവൈത്ത് സിറ്റി: മയക്കുമരുന്ന്-ലഹരി വസ്തുക്കൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി, സായുധരായ കുറ്റവാളി സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കൈവശം വെക്കുകയും വിൽക്കുകയും ചെയ്ത സംഘത്തെയാണ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടിയത്. ഫാരെസ് അബ്ദുല്ല സഖർ സമീർ, അലി ഒബൈദ് ഷാഹിബ് ഹമദ് അൽ-അൻസി, ഉത്മാൻ മുബാറക് മുഷ്‌രിഫ് ഹമദ് അൽ അൻസി എന്നീ മൂന്ന് ബെദൂനുകളാണ് (കുവൈത്ത് പൗരത്വമില്ലാത്തവർ) അറസ്റ്റിലായത്.

സംശയാസ്പദമായ ഇവരുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് കടത്തിന് പുറമെ, ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും ഇവർ കൈവശം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ബാർ അൽ , Iസൽമിയിലെ ഒരു സ്ഥലമാണ് സംഘം മയക്കുമരുന്ന് സൂക്ഷിക്കാനും വിതരണം ചെയ്യാനും ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന്, നിയമപരമായ അനുമതിയോടെ സുരക്ഷാ സേന ഈ സ്ഥലത്ത് റെയ്ഡ് നടത്തി. ഏകദേശം 4 കിലോഗ്രാം ഹാഷിഷ്, 100 ഗ്രാം കഞ്ചാവ്, 1 കിലോഗ്രാം ലൈറിക്ക പൊടി, 25,000 ലഹരി ഗുളികകൾ, 3 ഇലക്ട്രോണിക് പ്രിസിഷൻ തൂക്കമളക്കുന്ന യന്ത്രങ്ങൾ, 2 കലാഷ്നിക്കോവ് റൈഫിളുകൾ, 6 പിസ്റ്റളുകൾ, വലിയ അളവിൽ വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. ഈ പ്രതികളെ പിന്നീട് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related News