മുംബൈയിൽ പിടിച്ചെടുത്ത കുവൈത്തി ബോട്ട് ഉടമയ്ക്ക് കൈമാറി

  • 07/09/2024


കുവൈത്ത് സിറ്റി: ഏഴ് മാസം മുമ്പ് മുംബൈയിൽ പിടിച്ചെടുത്ത കുവൈത്തി ബോട്ട് ഉടമയ്ക്ക് കൈമാറി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച കപ്പൽ അതിൻ്റെ ഉടമയ്ക്ക് കൈമാറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു സംഭവം. 
തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ ബോട്ടിൽ കുവൈത്തിൽ നിന്ന് മുംബൈയിൽ എത്തുകയായിരുന്നു. 

ദക്ഷിണ മുംബൈയിലെ സസൂൺ ഡോക്കിന് സമീപം അറബിക്കടലിൽ കുവൈത്ത് ബോട്ട് കാണുകയും കപ്പലിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് മൂവരെയും അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു. സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷം കേസിൻ്റെ അന്വേഷണം പൂർത്തിയാക്കി പോലീസ് പിടിച്ചെടുത്ത ബോട്ട് അതിൻ്റെ ഉടമ അബ്ദുള്ള ഷരാഹിത്തിന് കൈമാറിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഷരാഹിത് മുംബൈയിൽ വന്ന് രണ്ട് അഭിഭാഷകർക്കൊപ്പം കൊളാബ പോലീസ് സ്റ്റേഷനിലെത്തി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബോട്ട് ഏറ്റുവാങ്ങി. ജോലി ചെയ്തിരുന്ന കുവൈത്തിൽ നിന്ന് 10 ദിവസത്തിലധികമെടുത്താണ് ബോട്ടിൽ ഉണ്ടായിരുന്നവർ മുംബൈയിൽ എത്തിയത്. 

കന്യാകുമാരി സ്വദേശികളായ നിറ്റ്‌സോ ഡിറ്റോ (31), വിജയ് അന്തോണി (29), ജെ അനീഷ് (29) എന്നിവരാണ് കുവൈത്തിൽനിന്നും കുവൈത്തി മത്സ്യബന്ധനബോട്ടിൽ ഇന്ത്യയിലെത്തിയത് . കുവൈത്തിൽ മത്സ്യബന്ധന ജോലി ചെയ്‌തുവന്ന ഇവർ തൊഴിലുടമയുടെ പീഡനം മൂലം അയാളുടെ ബോട്ട് മോഷ്‌ടിച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്‌.

കൊളാബ പൊലീസിന്‍റെ അന്വേഷണത്തിൽ സംശയാസ്‌പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. അനധികൃതമായി രാജ്യത്ത് കടന്നതിന് പാസ്‌പോർട്ട് നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂന്ന് പേർക്കുമെതിരെ കേസെടുത്തിരുന്നു.

Related News