കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ്: ലോൺ തിരിച്ചടച്ച് രക്ഷപ്പെടാനൊരുങ്ങി ചിലർ, ബാങ്ക് അധികൃതർ വീണ്ടും കേരളത്തിലേക്ക്, കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു

  • 17/12/2024

 

കുവൈറ്റ് സിറ്റി : കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മലയാളികള്‍ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രലായ അധികൃതർ കൊച്ചിയിലെത്തിയാണ് ആന്യോഷണം ആരംഭിച്ചത് .1425 മലാളികളാണ് കുവൈത്തിൽ നിന്നും ലോണെടുത്ത് ശേഷം രാജ്യം വിട്ടത്. പത്തോളം പേരുടെ പേരിൽ ആണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത് , ബാക്കിയുള്ള 1415 പേരുടെ വിശദാംശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് തേടിയത്. പാസ്പോർട്ട് ഡീറ്റെയിൽസ്,അഡ്രസ്, ലോൺ ഡീറ്റെയിൽസ് എന്നിവ ആഭ്യന്തരമന്ത്രാലയ അധികൃതർ ബാങ്കിനോട് അന്യോഷിച്ചിട്ടുണ്ട്, എന്നാൽ ബാങ്ക് അധികൃതർ നൽകിയ മറുപടിയിൽ പറയുന്നത് തങ്ങളുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം വിവരങ്ങൾ നൽകാം എന്നതാണ്. അതിനുശേഷം വീണ്ടും കേരളത്തിൽ എത്തി കൂടുതൽ പരാതികൾ നൽകും എന്നുമാണ് റിപ്പോർട്ട്. 

കേരളത്തിൽ എടുത്ത കേസുകളുടെ വിവരങ്ങൾ പൊലീസിൽ നിന്നും കേന്ദ്രം ശേഖരിച്ചു. ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് തട്ടിപ്പിന്‍റെ വിവരം പുറത്തറിഞ്ഞത്. സംസ്ഥാന പൊലീസ് ഉന്നതരെ കണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുപേരെ തിരിച്ചറിഞ്ഞ് കേസെടുത്തു. എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. 700 കോടിയോളം രൂപ വായ്പയെടുത്തശേഷം മലയാളികൾ കുവൈത്തിൽ നിന്ന് മുങ്ങിയെന്നാണ് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്.

2020-22 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പിന് ശേഷം കുവൈത്തില്‍ നിന്ന് മുങ്ങിയ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കടന്നുകളയുകയായിരുന്നു. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴുന്നൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം മുങ്ങിയത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പലരും കുടിയേറിയത്. എന്നാൽ കോവിഡ് കാലഘട്ടത്തിൽ നാട്ടിലെത്തിയ ചിലർക്ക് തിരിച്ച് കുവൈത്തിൽ എത്താൻ കഴിയാത്തതും, ജോലി നഷ്ടപ്പെട്ടതും ബാങ്ക് അടവ് മുടങ്ങാൻ കാരണമായെന്നും ലോണെടുത്ത ചിലർ പറയുന്നു. അടുത്ത ആഴ്ച ബാങ്ക് അധികൃതർ വീണ്ടും കേരളത്തിൽ എത്തുമെന്നാണ് വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.

അതേസമയം ബാങ്ക് അധികൃതർ തെരഞ്ഞ് കേരളത്തിലെത്തുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ലോണെടുത്ത പലരും തിരിച്ചടയ്ക്കാൻ തയ്യാറാവുന്നതായാണ് സൂചന. എറണാകുളം സ്വദേശിയായ ഒരാൾ തുക മുഴുവൻ അടച്ച് തീർത്തതായി ബാങ്ക് അധികൃതർ പറയുന്നു. 65 ലക്ഷം മുതൽ രണ്ട് കോടി വരെയാണ് പലരും ലോണെടുത്ത് മുങ്ങിയത്. അതേസമയം മലയാളികളുടെ ഈ തട്ടിപ്പ് പ്രവാസി സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നാണക്കേടായി മാറുന്നു എന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News