വാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥമാറ്റം; മുന്നറിയിപ്പ്

  • 19/12/2024


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ തണുപ്പും രാത്രിയിൽ കടുത്ത തണുപ്പും അതിശൈത്യവുമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ്, മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വീശാനും സാധ്യതയുണ്ട്. ചിലപ്പോൾ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.

നാളെ രാത്രി കാലാവസ്ഥ കടുത്ത തണുപ്പ് നിറഞ്ഞതായിരിക്കും. തെക്കുകിഴക്കൻ കാറ്റ് എട്ട് മുതൽ 40 കി.മീ വരെ വേഗതയില്‍ വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇടിമിന്നലുണ്ടായേക്കാം. കുറഞ്ഞ താപനില 10 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. 2 മുതൽ 6 അടി വരെ ഉയരത്തില്‍ തിരമാല വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച തണുപ്പ് നിറഞ്ഞ കാലാവസ്ഥയായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് ചിലപ്പോൾ സജീവമായിരിക്കും. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനുള്ള സാധ്യതയുമുണ്ട്.

Related News