വിമാന യാത്രയില്‍ കാബിൻ ക്രൂവിന്റെയും പൈലറ്റിന്റെയുമെല്ലാം നിർദേശങ്ങള്‍ ഒരുപാട് കേട്ടുമടുത്തവരാകും ഭൂരിഭാഗം യാത്രക്കാരും. എന്നാല്‍, കുശലാന്വേഷണത്തോടെ ഒരുപാട് നേരം രസകരമായി സംവദിക്കുന്ന, അതും 'പച്ച മലയാള'ത്തില്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നിർദേശങ്ങള്‍ കൈമാറിയ പൈലറ്റിനെ കണ്ടവർ അപൂർവമായിരിക്കും.
അത്തരമൊരു സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് തൊടുപുഴ സ്വദേശി ശരത് മാനുവലാണ് യാത്രക്കൊരുങ്ങും മുൻപ് മലയാളി യാത്രികരോട് രസകരമായി സംവദിച്ചത്. ശരത് മാനുവല്‍ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സഹ പൈലറ്റും കാബിൻ ക്രൂവും ഉള്‍പ്പെടെ മുഴുവൻ പേരും മലയാളികളായ ഇൻഡിഗോ സർവിസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് തുടങ്ങിയത്.
എത്ര വർഷം കൂടിയാണ് നിങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്?, എന്ന് യാത്രക്കാരോരുത്തരോടും ചോദിച്ച പൈലറ്റ് അതില്‍ കൂടുതല്‍ വർഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് തന്റെ വക സ്പെഷ്യല്‍ ചായയും ഓഫർ ചെയ്യുന്നുണ്ട് വിഡിയോയില്‍. നാട്ടിലെത്തിയാല്‍ നിങ്ങള്‍ എന്തായിരിക്കും ആദ്യം ചെയ്യുക എന്ന ചോദ്യം ചോദിച്ച് യാത്രക്കാരെ നാട്ടിലെ ഓർമകളിലേക്ക് കൊണ്ടുപോയ പൈലറ്റ് അവസാനം സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള നിർദേശങ്ങള്‍ പറയാനും മറന്നില്ല.
ഇതിനിടെ ' ഇവിടെ നിന്ന് നാട്ടിലേക്ക് ഏകദേശം 2800 കിലോമീറ്റർ ദൂരമുണ്ട്, മൂന്നുമണിക്കൂർ 45 മിനിറ്റ് കൊണ്ട് നാട്ടിലെത്തുന്നതാണ്. നിങ്ങള്‍ സ്പീഡില്‍ ഓടിക്കാൻ പറഞ്ഞാല്‍ സ്പീഡില്‍ ഓടിക്കാം. കുറച്ചൂടെ നേരത്തെ എത്തിക്കാൻ ശ്രമിക്കാം, എല്ലാവരും സീറ്റ് ബെല്‍റ്റിട്ടേക്കണം'- എന്ന പൈലറ്റിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.2014 ല്‍ ഇന്ത്യൻ ഒഫീഷ്യല്‍ കൊമേഴ്സ്യല്‍ ഫ്ലൈറ്റ് ലൈസൻസ് നേടിയ ശരത് 2016ലാണ് ഇൻഡിഗോയില്‍ ജൂനിയർ ഫസ്റ്റ് ഓഫീസറായി ജോലി ആരംഭിക്കുന്നത്. ഇടുക്കി സ്വദേശി മാനുവല്‍ ജോസഫിന്റെയും ലില്ലി മാനുവലിന്റെയും മകനാണ് ശരത് മാനുവല്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?