കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ റമദാൻ ക്വിസ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

  • 08/05/2025


കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) 2025 റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് തൃക്കരിപ്പൂർ ലൈവ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. പ്രവാസികൾ അവർക്ക് വേണ്ടിയുള്ള കരുതൽ നടത്തേണ്ടതിന്റെ പ്രാധാന്യം ബാവ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു. പ്രവാസ ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോൾ, പ്രയാസം നേരിടുന്ന കാഴ്ചകൾ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സ്വന്തം അസ്തിത്വവും അടിത്തറയും ശക്തിപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.കെ.എം.എയെ കുറിച്ച ആമുഖപ്രഭാഷണം അബ്ദുൽ ഫത്താഹ് തയ്യിൽ നിർവഹിച്ചു. 2025-ലെ റമദാൻ കാലത്ത് സംഘടിപ്പിച്ച ക്വിസ് പരിപാടിയിൽ കുവൈത്തിനകത്തും പുറത്തുമുള്ള പതിനായിരങ്ങൾ പങ്കാളികളായി എന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. പ്രവാസികളായ ഇന്ത്യക്കാർക്ക് ഒരു കുടക്കീഴിൽ ഒത്തുചേരാനും സാംസ്കാരിക പൈതൃകം പങ്കുവയ്ക്കാനും കെ.കെ.എം.എ അവസരമൊരുക്കുന്നതായി അദ്ദേഹം പറഞ്ഞു. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ വിജയികൾക്ക് ജില്ലാ തല സംഗമത്തിൽ വെച്ച് ഉപഹാര വിതരണം പൂർത്തിയാക്കി
തൃക്കരിപ്പൂര് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് പി.എം.എച്ച്. ബക്കർ, സംസ്ഥാന ഉപദേശക സമിതി അംഗം പാലക്കി അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ. സത്താർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ക്വിസ് മത്സരത്തിലൂടെ ഇസ്‌ലാമിക വിജ്ഞാനവും സാംസ്കാരിക അവബോധവും പ്രചരിപ്പിക്കുന്നതിനൊപ്പം, പ്രവാസികളുടെ ഇടയിൽ സാഹോദര്യവും ഐക്യവും വളർത്തുന്നതിനും കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
അബ്ദുറഹ്മാൻ പടന്നയുടെ ഖുർആൻ പാരായണതോടെ ആരംഭിച്ച സമ്മാന വിതരണ ചടങ്ങിൽ കെ.കെ.എം.എ സംസ്ഥാന പ്രസിഡണ്ട് കെ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എം.എച്ച്. ദിലീപ് സ്വാഗതവും അഹമ്മദ് കടിഞ്ഞിമൂല നന്ദിയും പറഞ്ഞു. 

Related News