അഹമ്മദാബാദ് ദുരന്തം; പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍; മന്ത്രി ലോക്‌സഭയില്‍

  • 24/07/2025

അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയിലെന്ന് വ്യോമയാന സഹമന്ത്രി. ജൂണ്‍ പതിനാറിന് ശേഷം 51 കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെ 112 പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയിലാണെന്ന് സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

എയര്‍ ഇന്ത്യ അപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ട അവധിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ജയപ്രകാശ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി മുരളീധരന്‍ മൊഹോള്‍ ലോക്‌സഭയെ രേഖാമുലം ഇക്കാര്യം അറിയിച്ചു. അപകടത്തിന് ശേഷം പൈലറ്റുമാരുടെ മെഡിക്കല്‍ ലീവിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും 112പേര്‍ അവധിയിലാണെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 51 കമാന്‍ഡര്‍മാരും, 61 പേര്‍ ഫസ്റ്റ് ഓഫീസര്‍മാരുമാണെന്ന് മന്ത്രി പറഞ്ഞു. അവധിയെടുത്ത പൈലറ്റുമാര്‍ക്ക് മതിയായ മാനസിക പിന്തുണ നല്‍കുന്നതായും മന്ത്രി അറിയിച്ചു.

ജൂണ്‍ 12 ന്, ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ AI 171 എന്ന ബോയിംഗ് 787-8 വിമാനം, അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു കെട്ടിടത്തില്‍ ഇടിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സ്ഥലത്തുണ്ടായിരുന്ന 19 പേരും ഉള്‍പ്പടെ 260 പേര്‍ മരിച്ചു. 11A സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ മാത്രം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

Related News