ഗാന്ധിജിയുടെ കണ്ണട 2.5 കോടിക്ക് അമേരിക്കക്കാരൻ സ്വന്തമാക്കി.

  • 29/08/2020

ഗാന്ധിജിയുടെ കണ്ണട 2.5 കോടിക്ക് അമേരിക്കക്കാരൻ സ്വന്തമാക്കി. ഗാന്ധിജിയുടെ കണ്ണടക്ക് ലഭിച്ച ലേലത്തുക 2.5 കോടി രൂപ. നൂറു വർഷത്തിലേറെ പഴക്കമുള്ള, സ്വർണ നിറത്തിലുള്ള ഈ വട്ടക്കണ്ണട ഒരു അമേരിക്കൻ പൗരനാണ് കോടികൾ മുടക്കി സ്വന്തമാക്കിയത്. ബ്രിസ്റ്റോളിലെ ഓക്‌ഷൻ ഹൗസാണ് ഗാന്ധിജിയുടെ കണ്ണട ഓൺലൈൻ ലേലത്തിനു വെച്ചത്. 15000 പൗണ്ട് അടിസ്ഥാന വിലയിട്ടിരുന്ന കണ്ണടയാണ് ഉയർന്ന വിലക്ക് അമേരിക്കൻ പൗരൻ ലേലം കൊണ്ടത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കൻ പൗരൻ കണ്ണടക്ക് വിലയിട്ടത്. ഇത് ഏകദേശം 2.5 കോടി ഇന്ത്യൻ രൂപയ്ക്ക് സമാനമായ തുകയാണ്. ഓഗസ്റ്റ് 9ന് ഓഡിഷൻ ഹൗസിൻ്റെ ലെറ്റർ ബോക്സിലാണ് കണ്ണട ലഭിച്ചത്. തങ്ങൾ നടത്തിയ ലേലങ്ങളിൽ ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണ് ഗാന്ധിജിയുടെ ഈ കണ്ണടക്ക് ലഭിച്ചതെന്ന് ഓക്‌ഷണിയർ ആൻഡ്രൂ സ്റ്റോവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ലഭിച്ച തുകയേക്കാൾ ഈ ലേലത്തിൻ്റെ ചരിത്ര പ്രാധാന്യത്തിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ ഒരു വയോധികനായിരുന്നു ഈ കണ്ണടയുടെ ഉടമ. ഗാന്ധിജിയിൽ നിന്ന് സമ്മാനമായി ലഭിച്ച ഈ കണ്ണട ഇദ്ദേഹത്തിൻ്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ്. കുടുംബത്തിലെ ഒരാൾ 1920ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയെ കണ്ടിരുന്നു എന്നും അപ്പോൾ അദ്ദേഹം സമ്മാനമായി നൽകിയതാണ് ഈ കണ്ണടയെന്നുമാണ് ഉടമ പറയുന്നത്. എന്നാൽ, ആർക്കാണ് ഗാന്ധിജി ഇത് നൽകിയതെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയില്ല. ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് കണ്ണട നിക്ഷേപിച്ചിരുന്നത്. ഇത് ഗാന്ധിജിയുടേതാണെന്ന കുറിപ്പും കണ്ണടക്കൊപ്പം ഉണ്ടായിരുന്നു. ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ സമയം പരിഗണിക്കുമ്പോൾ ഇത് അദ്ദേഹത്തിൻ്റെ ആദ്യകാല കണ്ണടയായിരിക്കുമെന്നാണ് ഓക്‌ഷൻ ഹൗസ് അവകാശപ്പെടുന്നത്. 

Related News