'പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് മടങ്ങണമെന്ന് നിർദ്ദേശം

  • 06/10/2020

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പ്രത്യേക മുന്നറിയിപ്പുമായി യുഎഇ അധികൃതർ.  കൊവിഡ് കാലത്ത് താമസ വിസയുടെ കാലാവധി കഴിഞ്ഞവർ യുഎഇയിൽ നിന്ന് മടങ്ങണമെന്ന് നിർദ്ദേശം നൽകി. സ്വന്തം രാജ്യങ്ങളിലേക്ക്   മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ പിന്നീടുളള ഓരോ ദിവസവും കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാർ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും. അതേസമയം, മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം. ഇവർക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യമാണ് ലഭിക്കുക

കാലാവധി കഴിഞ്ഞവർ  പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണമെന്നും അധികൃതർ അറിയിച്ചു.  2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന താമസ വിസക്കാർക്കാണ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.  കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം അവസാനിച്ചിരുന്നു. മടങ്ങാൻ വൈകിയ വിസിറ്റ് വിസക്കാരിൽ നിന്ന് എമിഗ്രേഷൻ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കണം. മാനുഷിക പരിഗണന നൽകേണ്ടവരാണന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ഇളവ് ലഭിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

Related News