ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ 300 പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു; യാത്രക്കാർക്ക് കൂടുതൽ നിയന്ത്രണം

  • 08/10/2020

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ 300 പ്രവാസി യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ കുടുങ്ങിയവരെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചതായി യുഎഇ അധികൃതരാണ് അറിയിച്ചിത്. വിമാനത്താവളത്തില്‍ കുടുങ്ങിയ 290 ഇന്ത്യക്കാരെയും രാത്രി തന്നെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ അനുവദിച്ചുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ ഇവര്‍ക്ക് രാത്രി തന്നെ ദുബായില്‍ നിന്ന് അബുദാബിയിലേക്കും അല്‍ ഐനിലേക്കും വിമാനക്കമ്പനി തന്നെ ബസ് ഏര്‍പ്പെടുത്തി നല്‍കി. മൂന്നാം ടെര്‍മിനലില്‍ കുടുങ്ങിയ എമിറേറ്റ്സ് യാത്രക്കാരെയും അബുദാബിയിലേക്കും അല്‍ ഐനിലേക്കും കൊണ്ടുപോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. 

യാത്രാ നിബന്ധനകളിലുണ്ടായ പുതിയ മാറ്റമാണ് കഴിഞ്ഞ ദിവസം നിരവധി യാത്രക്കാര്‍ ദുബായില്‍ കുടുങ്ങാന്‍ കാരണമായത്. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പിൽ (ഐസിഎ) നിന്നും ദുബായ് വിസക്കാർ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്നും അനുമതി വാങ്ങിക്കണമെന്ന നിയമം വീണ്ടും കർശനമാക്കിയിരുന്നു. യുഎഇയിലേയ്ക്ക് താമസ വീസക്കാര്‍ക്ക് വരാൻ അനുമതി വാങ്ങിക്കണമെന്ന് നേരത്തെയുണ്ടായിരുന്ന നിയമം ഉപേക്ഷിച്ചത് അറിയാതെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. 

Related News