അബുദാബിയിൽ എത്തുന്നവർ ആറാം ദിവസം കൊവിഡ് പരിശോധന നടത്തണം; ഇല്ലെങ്കിൽ 5000 ദിർഹം പിഴ

  • 09/10/2020


കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കർശന നടപടിയുമായി അബുദാബി ഭരണകൂടം. വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കൊവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. 6 ദിവസം കഴിഞ്ഞിട്ടും പരിശോധന നടത്തിയില്ലെങ്കിൽ   5000 ദിർഹം (ഒരു ലക്ഷം  രൂപ) പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കൊവി‍ഡ് നെഗറ്റീവ് ഫലവുമായി റോഡ് മാർഗം  അബുദാബിയിൽ  പ്രവേശിക്കുന്നവർ  എമിറേറ്റിൽ 6 ദിവസം  തങ്ങിയാൽ  ആറാം ദിവസം  വീണ്ടും പിസിആർ ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശം.  പിസിആർ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരിൽ നിന്ന്  പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

അതിർത്തി കടക്കുന്നവരെക്കുറിച്ചുള്ള  വിവരം എസ്എംഎസ് സർക്കാരിന് കൃത്യമായി ലഭിക്കും. എമിറേറ്റ്സ് ഐഡി, സിം കാർഡ് എന്നിവ വഴി വ്യക്തിയുടെ യാത്രാ വിവരങ്ങൾ കൃത്യമായി അറിയാനാകും. ഒരിക്കലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളവരുടെ വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ അൽഹൊസൻ മൊബൈൽ ആപ്പിലും ലഭ്യമാണ്. രണ്ടാമതൊരു ടെസ്റ്റ് നടത്തിയാൽ ആപ്പിലൂടെ അറിയാം. വിമാന മാർഗം അബുദാബിയിൽ നേരിട്ടോ ഇതര എമിറേറ്റ് വഴി റോഡ് മാർഗമോ എത്തുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ഇവർക്ക് ആറാം ദിവസമുള്ള  പിസിആർ പരിശോധന നിർബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

Related News