കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത് ഹലാല്‍ ആണോ..? വിശദീകരണവുമായി യുഎഇ ഫത്‍വാ കൗണ്‍സിൽ

  • 23/12/2020



കൊവിഡ് വാക്സിൻ സ്വീകരിക്കുന്നത് ഇസ്ലാമിക നിയമപ്രകാരം അനുവദനീയമാണോ (ഹലാൽ) എന്ന ചോദ്യം ഉയരുന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി യുഎഇ ഫത്‌വാ കൗൺസിൽ. പ്രത്യേകിച്ചും അറബ് രാജ്യങ്ങൾക്കിടയിൽ  കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കാനിരിക്കെ പല കോണുകളിൽ നിന്നും ഇത്തരമൊരു സംശയം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി യുഎഇ ഫത്‌വാ കൗൺസിൽ രംഗത്തെത്തിയത്. ഇസ്ലാമിക നിയമപ്രകാരം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വാക്സിൻ സ്വീകരിക്കുന്നത് അനുവദനീയമാണെന്ന് ശൈഖ് അബ്‍ദുല്ല ബിന്‍ ബയ്യാഹിന്റെ  അധ്യക്ഷതയിലുള്ള കൗൺസിൽ അറിയിച്ചു. ഇതൊരു പ്രതിരോധ നടപടിയാണ്, വൈറസ് വ്യാപനത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും,  എല്ലാ രാജ്യങ്ങളിലുമുള്ളവർ അതത് സർക്കാർ ഏർപ്പെടുത്തുന്ന കൊവിഡ് വാക്സിൻ ക്യാമ്പയിനുമായി സഹകരിക്കണമെന്നും കൗൺസിൽ നിർദേശിച്ചു. 

ഇപ്പോള്‍ സംശയമുയര്‍ത്തുന്ന ഈ വാക്സിനില്‍ ഇസ്ലാം വിലക്കേര്‍പ്പെടുത്തിയ, ഹലാല്‍ അല്ലാത്ത വസ്‍തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ അത്തരം വസ്‍തുക്കള്‍ ഉപയോഗിക്കാമെന്ന ഇസ്ലാമിക നിയമം ഇവിടെയും ബാധകമാണ്. അതിവേഗം പടര്‍ന്നുപിടിക്കുന്ന ഈ രോഗം ശാരീരികമായും മറ്റ് തരത്തിലുമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ തന്നെ വാക്സിനുകള്‍ ഉപയോഗിക്കാനുള്ള ന്യായീകരണമാണെന്നും കൗണ്‍സില്‍ കൂട്ടിച്ചേർത്തു.

Related News