അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി;40 കോടി നേടിയത് 28കാരനായ കോഴിക്കോട് സ്വദേശി

  • 04/01/2021


അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ ഗ്രാന്റ് പ്രൈസ്  ലഭിച്ചത് മലയാളിക്ക്. കോഴിക്കോട് പേരാമ്പ്ര ചേനായി സ്വദേശിയായ അബ്ദുസലാം എൻ വി ആണ് ആ ഭാഗ്യവാൻ. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ ഷോപ്പിങ് സെന്‍റർ നടത്തുകയാണ് ഈ 28കാരൻ. ഡിസംബർ 29ന് അബ്ദുസലാം ഓൺലൈനായി പർച്ചെയ്സ് ചെയ്ത 323601 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ  രണ്ട് കോടി ദിര്‍ഹത്തിന് (ഏതാണ്ട് 40 കോടിയോളം ഇന്ത്യന്‍ രൂപ) അർഹനായത്.

ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അബ്ദുസലാമിനെ അറിയിക്കാൻ അധികൃതർ വിളിച്ചിരുന്നെങ്കിലും ലഭ്യമായില്ല.ടിക്കറ്റ് വാങ്ങിയപ്പോൾ, അബ്ദുസലാം തന്റെ ഒമാൻ മൊബൈൽ നമ്പറിന് മുന്നിൽ നൽകേണ്ടിയിരുന്ന +968 എന്ന കോഡിന് പകരം ഇന്ത്യൻ ടെലിഫോൺ കോഡ് +91 നൽകുകയായിരുന്നു.

തുടർന്ന് അബ്ദു സലാമിനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് അധികൃതർ രംഗത്തു വന്നിരുന്നു. സുഹൃത്ത് വഴി ഇക്കാര്യം അറിയുകയും അബ്ദുസലാം അധികൃതരെ ബന്ധപ്പെടുകയും ചെയ്തു.

ആറ് വർഷത്തിലേറെയായി അബ്ദുസലാം മസ്ക്കറ്റിലാണ് താമസിക്കുന്നത്.

'നാലോ അഞ്ചാമത്തെയോ തവണയാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. സമ്മാന തുക കൂട്ടുകാരുമായി പങ്കിടും.കോവിഡ് വ്യാപനത്തെ തുടർന്ന്‌   ഗർഭിണിയായ ഭാര്യയെയും മകളെയും നാട്ടിലേക്ക് അയക്കുകയായിരുന്നു. മൂന്നുമാസം ഭാര്യ ആൺ കുഞ്ഞിന് ജന്മം നൽകി. ഉടൻ കുടുംബം തിരിച്ചെത്തും"-അബ്ദുസലാം പറഞ്ഞു.

Related News