ഒമാനിൽ പുതിയ കിരീടാവകാശി; തെരഞ്ഞെടുത്തത് പുതിയ നിയമം അനുസരിച്ച്

  • 13/01/2021




മസ്‌കറ്റ്: ഒമാന്റെ കിരീടാവകാശിയായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ മൂത്ത മകന്‍ സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദിനെ നിശ്ചയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. സുല്‍ത്താന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടര്‍ച്ചാവകാശിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. സുല്‍ത്താന്‍ ഹൈതമിന്റെ നിര്‍ദേശ പ്രകാരം പുതിയ നിയമം അനുസരിച്ചാണ് ഭരണാധികാരിയെ തിരഞ്ഞെടുത്തത്.ഒമാനില്‍ ആദ്യമയിട്ടാണ് കിരീടവകാശി സമ്പ്രദായം നടപ്പാക്കുന്നത്.

സാംസ്‌കാരിക,കായിക,യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് തെയാസീന്‍. സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലയളവില്‍ കിരീടാവകാശി ഇല്ലായിരുന്നു. ആധുനിക ഒമാന്‍ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ്.

സുല്‍ത്താന്‍ മരിച്ചാല്‍ കിരീടവകാശി രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കും. കിരീടവകാശിയുടെ മൂത്ത മകന്‍, അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഇങ്ങനെ പോകും ഭരണാധികാരികള്‍. അധികാരമേല്‍ക്കും മുമ്പ്  കിരീടവകാശി മരിച്ചുപോയാല്‍ കിരീടവകാശിയുടെ മൂത്ത മകന്‍ ഭരണമേല്‍ക്കും. കിരീടവകാശിക്ക് സഹോദരങ്ങളുണ്ടെങ്കിലും ഭരണം ലഭിക്കുക മൂത്ത മകനാണ്. കിരീടവകാശിക്ക് മക്കളില്ലെങ്കില്‍ മാത്രമാണ് മൂത്ത സഹോദരന് അധികാരം ലഭിക്കുക.

കിരീടവകാശിയുടെ സഹോദരങ്ങള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മൂത്ത സഹോദരന്റെ മകന് അധികാരം ലഭിക്കും. മൂത്ത സഹോദരന് മകനില്ലെങ്കില്‍ സഹോദരങ്ങളുടെ മക്കളില്‍ പ്രായം കൂടിയവര്‍ ആരാണോ ജീവിച്ചിരിപ്പുള്ളത് ആ വ്യക്തി ഭരണം ഏറ്റെടുക്കണം. കിരീടവകാശിക്ക് സഹോദരങ്ങളും മക്കളും ഇല്ലെങ്കില്‍ പിതാവിന്റെ ബന്ധത്തിലുള്ള അമ്മാവന് അധികാരം ലഭിക്കും. ഭരണാധികാരി മുസ്ലിം ആയിരിക്കണം. ഒമാനികളായ മുസ്ലിം ദമ്ബതികള്‍ക്ക് പിറന്ന വ്യക്തിയുമായിരിക്കണം. ഭരണാധികാരിയുടെ കുറഞ്ഞ പ്രായം 21 വയസാണ് എന്നും പുതിയ നിയമത്തില്‍ പറയുന്നു.

Related News