വിദേശി അദ്ധ്യാപകരുടെ കൊഴിഞ്ഞു പോക്ക്; വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി

  • 18/01/2021

കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദേശി അദ്ധ്യാപകര്‍ കൊഴിഞ്ഞു പോകുന്നു.  1,700 ലേറെ അദ്ധ്യാപകരാണ് ഈ അധ്യയന വര്‍ഷത്തില്‍ മാത്രമായി രാജിവെച്ചത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തില്‍ രാജിവെക്കുന്നവരുടെയും വിരിമിക്കുന്നുവരുടേയും  എണ്ണം 400 കൂടാറില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.അധ്യാപകരുടെ ലഭ്യതക്കുറവ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകും. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമമെന്നും അധ്യാപകരുടെ ലഭ്യതക്കുറവിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന് വരുന്നതായും അധികൃതര്‍ അറിയിച്ചു. നേരത്തെ കോവിഡിനെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം അധ്യാപകരെ  മടക്കിക്കൊണ്ടുവന്നിരുന്നു. വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പ്രത്യേക  ഇളവുകള്‍ നല്‍കിയാണ് രാജ്യത്ത് പ്രവേശിപ്പിച്ചത്. 

 സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന വിദേശികളായ 1961 അധ്യാപകരെ അടുത്ത വർഷം പിരിച്ചുവിടുവാന്‍ തീരുമാനം കൈകൊണ്ടിരുന്നു.ഇത് അനുസരിച്ച്  ഇസ്‌ലാമിക്, ചരിത്രം, ഭൂമിശാസ്ത്രം, മനഃശാസ്ത്രം, തത്വശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.  അതിനിടെ സ്‌പെഷ്യലൈസ്ഡ് അധ്യാപകരുടെ എണ്ണം രാജ്യത്ത്  കുറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്ത്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മ്യൂസിക്, ഫിസിക്കല്‍ എജുക്കേഷന്‍ എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്വദേശി അധ്യാപകരുടെ ലഭ്യതക്കുറവും വിദ്യാഭ്യാസ മേഖലയില്‍ പുതിയ  പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലേക്ക് ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. രാജ്യത്ത് നിന്ന് തന്നെ അനുയോജ്യരായവരെ തെരഞ്ഞെടുക്കാനായിരുന്നു മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. 

നിലവില്‍ സർക്കാർ സ്കൂളുകളിലെ  കുവൈറ്റ് അധ്യാപകരുടെ 73 ശതമാനവും വിദേശി  അധ്യാപകര്‍ 27 ശതമാനവുമാണുള്ളത്. നേരത്തെ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമനം നല്കിയ 1,146 പൗരന്മാരിൽ നിന്നും 212 പേര്‍ മാത്രമാണ് ജോലിയില്‍ ഹാജരായത്. മറ്റ് മന്ത്രാലയങ്ങളെ അപേക്ഷിച്ച് സ്വദേശികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തോടുള്ള തല്‍പ്പര്യമില്ലായ്മയും ഓയില്‍ ,ബാങ്കിങ് മേഖലകളെ അപേക്ഷിച്ച് വേതനം കുറവായതും സ്വദേശിവല്‍ക്കരണത്തിന് തടസ്സമാകുന്നുണ്ട്.  

നിരവധി പ്രവാസികളാണ് രാജ്യത്ത്  അധ്യാപക ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങളുടെയെല്ലാം പഠന മാധ്യമം അറബി ആയതിനാല്‍ പ്രവാസി അധ്യാപകര്‍ അധികവും ഇംഗ്ലീഷ് ഭാഷയാണ് പഠിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരില്‍ പലരും കുടുംബത്തോടൊപ്പം രാജ്യത്ത് താമസിക്കുന്നവരുമാണ്. സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തിയാല്‍  ഇവരെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടിവരും. 

Related News