വിദേശ നിക്ഷേപകർക്കും ശാസ്ത്രജ്ഞര്‍മാർക്കും പൗരത്വം അനുവദിച്ച് യു എ ഇ

  • 30/01/2021



ദുബായ്: യുഎഇയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനം. നിക്ഷേപകര്‍ക്കും ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് പൗരത്വം നല്‍കുക. ആര്‍ക്കൊക്കെ പൗരത്വം നല്‍കാമെന്നത് സംബന്ധിച്ച് പ്രത്യേക കാറ്റഗറി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിച്ച് യുഎഇ കാബിനറ്റ്, കോടതികള്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവ ശുപാര്‍ശ ചെയ്യുമെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അറിയിച്ചു. യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അവരുടെ പൗരത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

പ്രൊഫണലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. രാജ്യത്തിന് വേണ്ടി സംഭാവന ചെയ്തവരെ ആദരിക്കുക കൂടി ചെയ്യുക എന്ന ലക്ഷ്യവും ഇതിലുണ്ട്. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ രക്ഷ, ഭവന വായ്പ, ഗ്രാന്റ്‌സ് എന്നിവയ്ക്ക് വേണ്ടി എല്ലാ വര്‍ഷവും കോടികളാണ് യുഎഇ ഭരണകൂടം ചെലവഴിക്കുന്നത്. വിദേശത്ത് നിന്ന് ജോലിക്കെത്തുന്നവര്‍ക്ക് നിശ്ചിത കാലത്തേക്ക് മാത്രമാണ് യുഎഇ വിസ അനുവദിക്കാറ്. കാലാവധി കഴിഞ്ഞാല്‍ പുതുക്കണം. എന്നാല്‍ ചില മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ശേഷി രാജ്യത്തിന് വേണ്ടി കൂടുതല്‍ ഉപയോഗപ്രദമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

അടുത്തിടെ യുഎഇ വിസാ നയത്തില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു. നിക്ഷേപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫണഷനുകള്‍ക്കും ദീര്‍ഘകാല വിസ അനുവദിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഗോള്‍ഡന്‍ വിസ സമ്പ്രദായം കഴിഞ്ഞ വര്‍ഷം യുഎഇ ഭരണകൂടം വിപുലീകരിച്ചിരുന്നു. ഉന്നത ബിരുദ പഠനക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും 10 വര്‍ഷം വരെ അനുവദിക്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ.

Related News