കൊറോണ വ്യാപനം രൂക്ഷം: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒമാൻ

  • 18/02/2021




മസ്‍കത്ത്: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാൻ നിയന്ത്രണം കടുപ്പിക്കുന്നു. വൈറസ് വ്യാപനം വർധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി അറിയിച്ചു.

സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്. താൻസാനിയയിൽ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരിൽ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരത്തിൽ ഉയർന്ന രോഗപകർച്ചയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കുന്നത് സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ വർധിച്ചതിനെ തുടർന്നാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 

വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ 100 ശതമാനത്തിലേക്ക് ഉയർന്നതിനെ തുടർന്ന് രാത്രി വ്യാപാര വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊവിഡ് മുക്തി നേടിയവർ 94 ശതമാനം കടന്നുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ രണ്ടാഴ്ചക്കിടെ രോഗികൾ കുത്തനെ ഉയർന്നതായും ഡോ. അഹമദ് അൽ സഈദി വ്യക്തമാക്കി. 

ചില ഗവർണറേറ്റുകളിൽ വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവർക്ക് ഇളവ് അനുവദിച്ചു. 16ൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇളവ്.

Related News