ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി

  • 20/02/2021



ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി. ആളുകളുടെ ജീവന് ഭീഷണി ഉയർത്തുമാറ് റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കർശനമായി നേരിടാനാണ് തീരുമാനം. ഡ്രൈവർമാരെ ബോധവത്കരിക്കാൻ വിവിധ കാമ്പയിനുകൾ അബൂദബി പൊലിസ് സംഘടിപ്പിക്കുന്നുണ്ട്.

അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധമായി വണ്ടിയോടിക്കൽ ഉൾപ്പെടെ എല്ലാ നിയമലംഘനങ്ങളും അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. വണ്ടി ഓടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

വാഹനത്തിൻറെ മുൻ സീറ്റിൽ 10 വയസിൽ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർക്കെതിരിൽ നിന്ന് വൻതുക പിഴ ഈടാക്കാനാണ് പുതിയ നീക്കം. 5,400 ദിർഹമായിരിക്കും നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുക. നിയമം മറികടക്കുന്ന ഡ്രൈവർക്ക് 400 ദിർഹം മാത്രമാണ് പിഴ. എന്നാൽ നിയമലംഘനത്തിന് പൊലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കാൻ 5,000 ദിർഹം അധിക പിഴ നൽകണം.

റിലീസ് ഫീസ് അടക്കുന്നതുവരെ വാഹനം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം. പരമാവധി മൂന്നു മാസത്തിന് ശേഷം വാഹനം ഉടമ ക്ലെയിം ചെയ്തില്ലെങ്കിൽ ലേലം ചെയ്യും. ബോധവത്കരണത്തോടൊപ്പം നടപടിയും. ഇതാണ് അബൂദബി പൊലീസ് ലക്ഷ്യമിടുന്നത്.

Related News